പാലക്കാട്: മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് യാര്‍ഡ് വിപുലീകരണത്തിന്റെ ഭാഗമായി നടന്നുവരുന്ന താത്കാലിക നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി നഗരസഭാ ചെയർമാൻ പി. സ്മിതേഷിന്റെ നേതൃത്വത്തില്‍ വിലയിരുത്തി.
ബസ് സ്റ്റാന്‍ഡ് യാര്‍ഡ് ബലപ്പെടുത്തി ബസുകള്‍ക്ക് പ്രവേശിച്ച് പാര്‍ക്കുചെയ്യാനും സര്‍വീസ് ആരംഭിക്കാനും സാധിക്കുന്ന രീതിയില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇനി യാത്രക്കാര്‍ക്കായി താത്കാലിക വരാന്ത നിര്‍മിക്കുന്ന പ്രവൃത്തിയാണ് പൂര്‍ത്തിയാക്കേണ്ടത്.
മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായി സ്റ്റേഡിയം സ്റ്റാന്‍ഡിലേക്കു താത്കാലികമായി മാറ്റിയ കോട്ടായി, പൂടൂര്‍ ഉള്‍പ്പെടെയുള്ള ബസ് സര്‍വീസുകള്‍ തിരിച്ചെത്തും. താത്കാലിക ക്രമീകരണങ്ങളുടെ ഭാഗമായുള്ള ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ബസുകള്‍ക്ക് മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ നിന്നുതന്നെ സര്‍വീസ് ആരംഭിക്കാന്‍ സാധിക്കും.
നിലവില്‍ യാത്രക്കാരും വ്യാപാരികളും നേരിടുന്ന ക്ലേശത്തിന് ഇതോടെ ആശ്വാസമാകുമെന്ന് അധികൃതര്‍ അറിയിച്ചു. പി. സ്മിതേഷിനു പുറമെ അസിസ്റ്റന്റ് എന്‍ജിനീയര്‍ സിജോ ആന്റണി, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ കെ. ദേവീദാസ്, എ. അനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്.